ഇ വാർത്ത | evartha
വിശ്വാസം തെളിയിക്കാനാവില്ല; മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ നാടകീയ രാജി പ്രഖ്യാപനം

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജി വച്ചു. വെളളിയാഴ്ച അഞ്ചു മണിക്കുമുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കമല്‍നാഥിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കമല്‍നാഥ് നാടകീയമായി രാജി പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു നാടകീയമായ രാജിപ്രഖ്യാപനം.
ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്തെന്നും ബിജെപി ഗൂഡാലോചന നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും കമല്‍നാഥ് ആരോപിച്ചു. കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസം തേടാന്‍ അടിയന്തരമായി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ രണ്ടുദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് സുപ്രീം കോടതി വിശ്വാസവോട്ടിന് ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ കുതിരക്കച്ചവടം നടത്തുകയാണെന്നായിരുന്നു ബിജെപി എംഎല്‍എമാരുടെ വാദം.
ഇന്ന് വൈകുന്നേരം അഞ്ചിനു മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. വിശ്വാസ വോട്ടെടുപ്പ് മാത്രമായിരിക്കണം അജന്‍ഡ. എല്ലാ നടപടികളുടെയും വീഡിയോ ദൃശ്യങ്ങള്‍ രേഖപ്പെടുത്തണമെന്നുമാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടക്കം ഒന്‍പത് ബിജെപി എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി ഉത്തരവ്.
ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 230 അംഗസഭയില്‍ കോണ്‍ഗ്രസ്-115, ബി.ജെ.പി.-108, ബി.എസ്.പി.-2, എസ്.പി.-1, സ്വതന്ത്രര്‍-നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഓരോ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. നാലു സ്വതന്ത്രരും രണ്ട് ബിഎസ്പി അംഗങ്ങളില്‍ ഒരാളും ഒരു എസ്പി അംഗവും അടക്കം 121 അംഗങ്ങളുടെ പിന്തുണയാണു കമല്‍നാഥിനുണ്ടായിരുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/33wKYYY
via IFTTT
No comments:
Post a Comment